Wednesday, 18 December 2013

ദില്ലി: ഉത്തരേന്ത്യയില്‍ ശൈത്യം പിടിമുറുക്കുന്നു.കടുത്ത മൂടല്‍ മഞ്ഞ് കാരണം ഉണ്ടായ വാഹന അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം ഏഴ് ആയി. അമൃത് സര്‍ വിമാനത്താവളം അടച്ചു. ദില്ലി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നിന്നും വിമാനസര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. രാവിലെയും വൈകിട്ടും വാഹനം നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഉത്തരേന്ത്യയില്‍ തുടരുന്ന മൂടല്‍മഞ്ഞ് ദിവസം കഴിയുന്തോറും കനക്കുകയാണ്. ദില്ലിയില്‍ നിന്നും ആഗ്രയിലേക്കുള്ള യമുന എക്‌സപ്രസ് ഹൈവേയില്‍ വാഹന അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മൂടല്‍ മഞ്ഞ് കാരണം ദില്ലിയിലും ഗതാഗത കുരുക്ക് രൂക്ഷമായി.

റോഡ് ഗതാഗതത്തിന് പുറമെ ട്രെയിന്‍, വിമാന സര്‍വ്വീസുകളെയും കനത്ത മൂടല്‍ മഞ്ഞ് ബാധിച്ചു. ദില്ലിയില്‍ നിന്നുമുള്ള 27 തീവണ്ടികള്‍ വൈകിയോടുകയാണ്. ദില്ലി-തിരുവനന്തപുരം രാജധാനിയും കേരള എക്‌സപ്രസ്സും സമയം പാലിച്ച് പുറപ്പെടുമെന്ന് ഉത്തര റെയില്‍വെ അറിയിച്ചു. മറ്റ് പല തീവണ്ടികളുടെയും സമയം പുന ക്രമീകരിച്ചിട്ടുണ്ട്. ദില്ലി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നിന്നും 65 വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചു. രണ്ട് ആഭ്യന്തര സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്.

0 comments:

Post a Comment