Sunday, 22 December 2013






സാന്‍ഫ്രാന്‍സിസ്കോ: പൊതുസ്ഥലത്തെ നഗ്നത നിയമവിരുദ്ധമാക്കിയതില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ നഗ്ന വിവാഹം. വിവാഹ ശേഷം വധൂവരന്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. സാന്‍ഫ്രാന്‍സിസ്കോയിലാണ് നഗ്നത സമരരൂപമാക്കി പ്രതിഷേധം നടന്നത്.
സാന്‍ഫ്രാന്‍സിസ്കോയില്‍ ഒരു വര്‍ഷം മുമ്പാണ് പൊതു സ്ഥലത്തെ നഗ്നത നിരോധിച്ചത്. ഇതിനെതിരെ പ്രതിഷേധിക്കുന്ന കൂട്ടായ്മയിലെ അംഗമായ ജിപ്സി ടോബ് എന്ന 44കാരിയും 20കാരനായ ജെയിംസ് സ്മിത്തുമാണ് സാന്‍ഫ്രാന്‍സിസ്കോയിലെ പ്രശസ്തമായ സിറ്റി ഹാളിന്റെ കോണിപ്പടികളില്‍ ക്ഷണിക്കപ്പെട്ട സദസ്സിനും പൊലീസിനും മുന്നില്‍ നഗ്നരായി വിവാഹിതരായത്.
മൂന്ന് കുട്ടികളുടെ മാതാവായ വധു വിവാഹ ഗൌണണിഞ്ഞാണ് ചടങ്ങിനെത്തിയത്. ഒപ്പം മക്കളുമുണ്ടായിരുന്നു. വിവാഹ വസ്ത്രമണിഞ്ഞ് വരനും എത്തിയതോടെ ചടങ്ങു തുടങ്ങി. ഇരുവരും വസ്ത്രം അഴിച്ചു വെച്ച ശേഷം കൂടി നിന്നവരോട് സംസാരിച്ചു. ജനതയുടെ സ്വകാര്യ താല്‍പര്യങ്ങളില്‍ ഇടപെടുന്ന ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കണമെന്ന് വധു സദസ്സിനോടായി പറഞ്ഞു.
നഗ്നതാ കൂട്ടായ്മയുടെ നേതാവ് ജോര്‍ജ് ഡേവിസ് കാര്‍മികത്വം വഹിച്ചു. ഇറോടിക് ആര്‍ടട്ട് എന്നു പേരുള്ള കൂട്ടായ്മയുടെ വിശുദ്ധ പുസ്തകത്തില്‍നിന്നുള്ള വരികള്‍ ജോര്‍ജ് ഡേവിസ് വായിച്ചു. സദസ്സിലുള്ള കൂട്ടായ്മയുടെ മറ്റ് ചില പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇതിനിടെ നഗ്നരായി.
വധൂവരന്‍മാര്‍ പരസ്പരം ആലിംഗനം ചെയ്തശേഷം നൃത്തം തുടങ്ങി. നൃത്തച്ചുവടുകള്‍ക്കു ശേഷമാണ് കാത്തു നിന്ന പൊലീസ് സംഘമെത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും പുതപ്പ് അണിയിച്ച ശേഷം പൊലീസ് വാഹനത്തിലെ വെവ്വേറെ പ്രതിക്കൂടുകളിലേക്ക് മാറ്റി. ഇതിനു ശേഷം ദമ്പതികളെ ജാമ്യത്തില്‍ വിട്ടയച്ചു.


എട്ടാമത്തെ തവണയാണ് ജിപ്സി ടോബിനെ പൊലീസ് നഗ്നതാ പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്. രാഷ്ട്രീയമായ സന്ദേശമാണ് തങ്ങളുടെ വിവാഹം മുന്നോട്ടുവെച്ചതെന്നും സാന്‍ഫ്രാന്‍സിസ്കോ ജനത അവരുടെ സ്വകാര്യതാ സംരക്ഷണത്തിന് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ഇതിനു ശേഷം വധു എ.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

0 comments:

Post a Comment